പ്രിയപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ അവർ വിതുമ്പി; കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്

പ്രിയപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ അവർ വിതുമ്പി; കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്

കേരളത്തെ കണ്ണീരിലാഴ്ത്തിയ നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കവളപ്പാറ നിവാസികൾ ആദരാഞ്ജലി അർപ്പിച്ചു. ഇവിടെ നിർമിച്ച സ്മൃതി മണ്ഡപത്തിൽ ഇവർ പുഷ്പാർച്ചന നടത്തി. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കരഞ്ഞു തളർന്നു വീണു

59 പേരാണ് കവളപ്പാറ ദുരന്തത്തിൽ മരിച്ചത്. 11 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസങ്ങൾ നീണ്ട തെരച്ചിലിലും ഇവരെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 2019 ഓഗസ്റ്റ് 8ന് രാത്രി എട്ട് മണിയോടെയാണ് കവളപ്പാറയിൽ ഉരുൾപൊട്ടിയത്.

59 ആളുകളും 45 വീടുകളും മണ്ണിനടിയിൽപ്പെട്ടു. പുറംലോകം അപകടമറിഞ്ഞ് ഇവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചാലിയാർ കരകവിഞ്ഞൊഴുകിയതോടെ രക്ഷാപ്രവർത്തകർക്ക് ഇങ്ങോട്ടേക്ക് എത്താനും സാധിക്കാതെ വന്നു. ദേശീയ ദുരന്തനിവാരണ സേന ഒടുവിൽ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു

ചിത്രം കടപ്പാട്: മാതൃഭൂമി

Share this story