കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു. കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികൾ. ഗൾഫിൽ നിന്ന് വന്നവരിൽ കൊവിഡ് പോസിറ്റീവ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധയാ ക്വാറന്റീന് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു.

പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.ദുരന്തത്തെ തുടർന്ന് ആശുപത്രികൾ നന്നായി പ്രതികരിച്ചു. ആവശ്യത്തിന് ആംബുലൻസുകളും മരുന്നുകളും ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this story