പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങി; കണ്ടെത്താനുളളത് 48 പേരെ, മരണം 18

പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങി; കണ്ടെത്താനുളളത് 48 പേരെ, മരണം 18

ഇടുക്കി മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലിൽ മരിച്ചവരെ കണ്ടെത്താനുളള തിരച്ചിൽ വീണ്ടും ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇന്നലെ തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ മഴയ്ക്കുള്ള സാധ്യത ഇന്നുമുണ്ട്. ഇത് തിരച്ചിലിനെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ്. മണ്ണിടിച്ചിലിൽ ഇതുവരെ 18 പേരാണ് മരിച്ചത്. തോട്ടം തൊഴിലാളികളുടെ നാല് ലയങ്ങളിലായി 83 പേരാണ് അപകടത്തിൽ പെട്ട് മണ്ണിനടിയിലായത്. ഇനി 48 പേരെയാണ് കണ്ടെത്താനുളളത്.

അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കിലോമീറ്റർ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Share this story