ബളാൽ കൊലപാതകം: ആൽബിൻ കഞ്ചാവിന് അടിമ, ആൻമരിയക്കും അച്ഛൻ ബെന്നിക്കും നൽകിയത് എലിവിഷം കലർത്തിയ ഐസ്‌ക്രീം, ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം

ബളാൽ കൊലപാതകം: ആൽബിൻ കഞ്ചാവിന് അടിമ, ആൻമരിയക്കും അച്ഛൻ ബെന്നിക്കും നൽകിയത് എലിവിഷം കലർത്തിയ ഐസ്‌ക്രീം, ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം

കാസർകോട് ബളാലിൽ പതിനാറുവയസ്സുള്ള ആൻമരിയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ ആൻമരിയയുടെ സഹോദരൻ ആൽബിനെ(22) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലെ എല്ലാവരെയും വക വരുത്താനായിരുന്നു ആൽബിന്റെ ശ്രമം. വിഷം ഉള്ളിൽ ചെന്ന പിതാവ് ബെന്നി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

തമിഴ്‌നാട്ടിൽ വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ആൽബിൻ ജൂലൈ തുടക്കത്തിലാണ് കുമളി വഴി കേരളത്തിലെത്തുന്നത്. തുടർന്ന് കോട്ടയത്ത് രണ്ടാഴ്ചക്കാലം ക്വാറന്റൈനിൽ താമസിച്ചു. ജൂലൈ പകുതിയോടെയാണ് ഇയാൾ ബളാലിലെ വീട്ടിലെത്തുന്നത്. കഞ്ചാവിന് അടിമയായ ആൽബിന് വഴിവിട്ട ചില ബന്ധങ്ങളുമുണ്ടായിരുന്നു. ഇത് സഹോദരിയും വീട്ടുകാരും അറിഞ്ഞതോടെയാണ് മന:സാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്തത്.

മുമ്പ് ബേക്കറിയിൽ ജോലി ചെയ്തിരുന്ന പരിചയവും ആൽബിനുണ്ടായിരുന്നു. വീട്ടിൽ തന്നെ ഐസ്‌ക്രീം ഉണ്ടാക്കി കഴിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചതും ഇതുണ്ടാക്കിയതും ആൽബിനാണ്. ക്രീമിനൊപ്പം എലിവിഷവും ചേർത്തു. വിഷത്തിന്റെ നിറവും ചുവയും പെട്ടെന്ന് മനസ്സിലാകാതിരിക്കുന്നതിനായി ബേർബോൺ ബിസ്‌ക്കറ്റും ചേർത്താണ് ക്രീം മിക്‌സിയിൽ അടിച്ചത്.

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയും ശാരീരികാസ്വസ്ഥ്യങ്ങളും അനുഭവപ്പെട്ട ആൻമരിയയെ ആദ്യം വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ചെറുപുഴ ആശുപത്രിയിൽ കൊണ്ടുവരുന്നത്. ഇവിടെ വെച്ച് ഓഗസ്റ്റ് അഞ്ചിന് കുട്ടി മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇതോടെ സംഭവത്തിൽ ദൂരൂഹത ഉണരുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതായും കണ്ടെത്തിയതോടെ സംഭവം കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചു

തുടക്കം മുതലെ ആൽബിനെ തന്നെയാണ് പോലീസ് സംശയിച്ചിരുന്നത്. തനിക്ക് തൊണ്ട വേദന ആയതിനാൽ ഐസ്‌ക്രീം കഴിച്ചില്ലെന്നാണ് ആൽബിൻ പോലീസിനോട് പറഞ്ഞത്. കൂടാതെ ആൻമരിയ ഐസ്‌ക്രീം കഴിച്ച പാത്രങ്ങൾ ഉൾപ്പെടെ ഇയാൾ വീട്ടിൽ നിന്നും മാറ്റിയിരുന്നു. പ്രതിക്ക് സംശയം കൊടുക്കാത്ത രീതിയിലാണ് പോലീസ് ഇയാളോട് ഇടപെട്ടതും. തെളിവുകൾ ശേഖരിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share this story