ബളാൽ കൊലപാതകം: കൂട്ട ആത്മഹത്യയെന്ന് വരുത്താൻ അവസാന നിമിഷം വരെ ശ്രമം; അനിയത്തിയെ കൊന്നതിൽ ഒരു മനസ്താപവുമില്ലാതെ ആൽബിൻ

ബളാൽ കൊലപാതകം: കൂട്ട ആത്മഹത്യയെന്ന് വരുത്താൻ അവസാന നിമിഷം വരെ ശ്രമം; അനിയത്തിയെ കൊന്നതിൽ ഒരു മനസ്താപവുമില്ലാതെ ആൽബിൻ

ബളാലിൽ പതിനാറുവയസ്സുള്ള സ്വന്തം അനിയത്തിയെ ഐസ്‌ക്രീമിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ പ്രതി ആൽബിൻ സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചതായി പോലീസ്. തെളിവുകൾ ചൂണ്ടിക്കാട്ടി പോലീസ് ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും

ജൂലൈ 30നാണ് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയത്. അന്ന് എല്ലാവരും ഇത് കഴിച്ചു. ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഐസ്‌ക്രീമിലാണ് ആൽബിൻ എലിവിഷം ചേർത്തത്. ഇത് വീട്ടിലെ എല്ലാവരെയും കൊണ്ട് കഴിപ്പിച്ചു. വേണ്ടെന്ന് പറഞ്ഞെങ്കിലും അമ്മയ്ക്കും നിർബന്ധിച്ച് കൊടുത്തു. എന്നാൽ തൊണ്ട വേദനയാണെന്ന് പറഞ്ഞ് ആൽബിൻ ഇത് കഴിച്ചില്ല

ആൻമരിയയുടെ ആരോഗ്യനില വഷളയാപ്പോൾ മഞ്ഞപ്പിത്തബാധയെന്നാണ് സംശയിച്ചത്. വിദഗ്ധ ചികിത്സ ലഭിക്കാതെ നോക്കാനും ആൽബിൻ ശ്രമിച്ചു. ആദ്യം വൈദ്യന്റെ അടുത്താണ് ചികിത്സ തേടിയത്. സ്ഥിതി ഗുരുതരമായതോടെയാണ് ചെറുപുഴയിലെ ആശുപത്രിയിൽ കൊണ്ടുവരുന്നതും ഓഗസ്റ്റ് 5ന് കുട്ടി മരിക്കുന്നതും. പിന്നാലെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയും ആശുപത്രിയിലായി.

അനിയത്തി മരിച്ചിട്ടും അച്ഛൻ ഗുരുതരാവസ്ഥയിലായിട്ടും യാതൊരു മനസ്താപവും ആൽബിനുണ്ടായിരുന്നില്ല. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ ഒരു ദു:ഖവും പ്രകടിപ്പിക്കാതെ ഇയാൾ പങ്കെടുക്കുകയും ചെയ്തു. മയക്കുമരുന്നിനും മദ്യത്തിനും സ്ത്രീ വിഷയത്തിലും അടിമയായ 22കാരൻ നാട്ടിൽ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല.

സ്വത്തുക്കൾ തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുന്നതിനും സ്ത്രീകളുമായുള്ള ബന്ധം തുടരുന്നതിനുമാണ് കുടുംബത്തെ വകവരുത്താൻ ഇയാൾ ശ്രമിച്ചത്. ദിവസം മുഴുവനും ഫോണുമായി ഇരിക്കുന്ന ഇയാളുടെ പ്രകൃതത്തെ വീട്ടുകാർ വഴക്കുപറയുന്നതും വൈരാഗ്യത്തിനിടയാക്കി. പോൺ സൈറ്റുകളുടെ ആരാധകനുമായിരുന്നു ആൽബിൻ. സഹോദരിയോടും മോശമായി പെരുമാറിയെന്നും വാർത്തകളുണ്ട്. ഇത് വീട്ടുകാരോട് പറയുമോ എന്ന ഭയവും കൃത്യം നടത്താൻ ആൽബിനെ പ്രേരിപ്പിച്ചു.

Share this story