കൊവിഡ് ബാധ മറച്ചുവെച്ച് അമ്മയുടെ സംസ്‌കാരം നടത്തി; കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

കൊവിഡ് ബാധ മറച്ചുവെച്ച് അമ്മയുടെ സംസ്‌കാരം നടത്തി; കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വിവരം മറച്ചുവെച്ച് നാട്ടിലെത്തിച്ച് സംസ്‌കരിച്ചതിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം. ജോമോൻ പുത്തൻപുരയ്ക്കലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയിൽ തന്റെ അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.

ഡൽഹിയിൽ കണ്ണന്താനത്തോടൊപ്പം താമസിച്ചിരുന്ന അമ്മ ജൂൺ 10നാണ് മരിച്ചത്. മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്. താനും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കി

ഈ സമയത്തെല്ലാം കണ്ണന്താനം അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന കാര്യം മറച്ചുവെക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമൻ പുത്തൻപുരയ്ക്കൽ ഇക്കാര്യം ആരോപിക്കുന്നത്

പോസ്റ്റിന്റെ പൂർണരൂപം

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിൻ്റെ അമ്മയുടെ ഓർമയിൽ “മദേർസ് മീൽ” എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.

— ജോമോൻ പുത്തൻപുരയ്ക്കൽ —

16 8 2020

Share this story