തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം വിമാനത്താവളം അടുത്ത 50 വർഷത്തേക്ക് നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമായി സംസ്ഥാന സർക്കാർ. ബിജെപി ഇതിന്റെ പേരിൽ കോടികളുടെ അഴിമതി നടത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ നിയമനടപടിയിലേക്ക് പോകുമെന്ന സൂചനയും കടകംപള്ളി നൽകി.

സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്പനിക്ക് നൽകാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നൽകിയെന്നത് അമ്പരിപ്പിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു. കൊവിഡ് കാലത്ത് നടന്ന പകൽക്കൊള്ളയാണിത്. വിമാനത്താവളത്തിന്റെ കച്ചവടത്തിന്റെ പേരിൽ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയത്. 170 കോടിയാണ് വിമാനത്താവളത്തിന്റെ ലാഭം. പുതിയ ടെർമിനലിന് 600 കോടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുടക്കാനിരുന്ന സമയത്താണ് ഈ കച്ചവടം.

സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും ഇതിനെ മറികടന്നുള്ള കേന്ദ്ര തീരുമാനം നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്. തുടർ നടപടികൾ എന്തുവേണമെന്ന കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കും. വിമാനത്താവളം എളുപ്പത്തിൽ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്തെ ബിജെപി നേതൃത്വം ഈ തീവെട്ടിക്കൊള്ളക്ക് മറുപടി പറയണം. ഈ നീക്കത്തെ ജനകീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും കടകംപള്ളി പറഞ്ഞു.

Share this story