ആചാരത്തിനായി റൺവേ അടച്ചിട്ട് നോട്ടാം നൽകുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: ഇനിയത് ഉണ്ടാകുമോ എന്നു പറയേണ്ടത് അദാനി ഗ്രൂപ്പ്

Share with your friends

രാജ്യത്ത് ഏറെ പ്രത്യേകതകളുള്ള വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയ്ക്കു പുറമേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിനായി റൺവേ അടച്ചിടുകയും ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് ´നോട്ടാം´ നല്‍കുന്നതും ഈ വിമാനത്താവളത്തിൽ മാത്രം സംഭവിക്കുന്ന ഒരു വസ്തുതയാണ്. എന്നാൽ അദാി ഗ്രൂപ്പിൻ്റെ വരവ് ഈ ആചാരങ്ങളും ശീലങ്ങളും മാറ്റിയെഴുതുമോ എന്ന ആശങ്കയിലാണ് തലസ്ഥാനവാസികൾ.

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്ത് അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ലഭിച്ചതോടെ ഒരര്‍ത്ഥത്തില്‍ ഭയപ്പാടിലാണ് തിരുവനന്തപുരത്തെ ജനങ്ങള്‍. ലോകത്തിലെ ഒരു വിമാനത്താവളത്തിലെ റണ്‍വേയിലൂടെ കടന്നുപോകുന്ന ഒരേയൊരു ഘോഷയാത്രയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന് കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ തീരുമാനപ്രകാരം മുടക്കം സംഭവിക്കുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരത്തെ വിശ്വാസികള്‍ ഇപ്പോഴുള്ളത്.

വിമാനത്താവള വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നൽകുന്നതോടെ അദാനി ഗ്രൂപ്പ് ഘോഷയാത്രയുടെ കാര്യത്തില്‍ എതിര്‍ തീരുമാനം എന്തെങ്കിലും എടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ചോദ്യം. തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെൻ്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ വേണമെങ്കില്‍ കമ്പനിക്കു തീരുമാനംമെടുക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഘോഷയാത്രയുടെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന പതിവ് ഇവിടെയുണ്ട്. എല്ലാ വര്‍ഷവും രണ്ട് തവണയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായി റണ്‍വേ അടച്ചിടുന്നത്. ആറാട്ട് നടക്കുന്ന ദിവസം അഞ്ച് മണിക്കൂറോളമാണ് റണ്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുക.

പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ പത്താം നാളിലാണ്‌ ആറാട്ട് നടക്കുക. ഈ സമയം എയര്‍പോര്‍ട്ട് അധികൃതര്‍ ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് ´നോട്ടാം´ നല്‍കുന്നതും പതിവാണ്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെയുള്ള 5 മണിക്കൂറുകള്‍ക്കായാണ് സന്ദേശം നല്‍കുന്നത്. ഈ സമയ പരിധിയില്‍ വിമാനതാവളത്തിലേക്കും പുറത്തേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

ആറാട്ട്‌ ഘോഷയാത്രയില്‍ പദ്മാനഭസ്വാമിയുടെയും തിരുവമ്പാടി കൃഷ്ണന്റെയും നരസിംഹ മൂര്‍ത്തിയുടെയും തിടമ്പേറ്റിയ ഗരുഡവാഹനങ്ങളും, ആനകളുടെ ഫ്ലോട്ടുകളും, ഷാഡോ പോലീസും, സായുധ പോലീസും, പോലീസ് ബാന്‍ഡും, പഴയ രാജകുടുംബാഗവും ഉൾപ്പെടെയുള്ളവരാണ് എഴുന്നള്ളത്തില്‍ പങ്കെടുക്കുക. പ്രത്യേക പാസ്‌ ഉള്ളവര്‍ക്ക് മാത്രമേ ആ സമയത്ത് റണ്‍വേയില്‍ നില്‍ക്കുവാന്‍ അവകാശമുള്ളൂ. 3400 മീറ്റര്‍ നീളമുള്ള റണ്‍വേ ഈ സമയം മുഴുവന്‍ പൂര്‍ണ്ണമായും സിഐഎസ്‌എഫിൻ്റെ സുരക്ഷാ വലയത്തിലാണ് ഇണ്ടായിരിക്കുക. .

പടിഞ്ഞാറേ കോട്ടയിലെ വള്ളക്കടവ് ഭാഗത്തുള്ള പ്രത്യേക ഗേറ്റുവഴിയാണ് ഘോഷയാത്ര അകത്തേക്കു പ്രവേശിക്കുക. ഈ സമയത്ത് മാത്രമാണ് ഇവിടുത്തെ ഗേറ്റ് തുറക്കുക. റണ്‍വേ വഴി കടപ്പുറത്ത് എത്തുന്ന വിഗ്രഹങ്ങള്‍ ആറാട്ട് കടവില്‍ ആറാട്ട് നിര്‍വഹിച്ച ശേഷം തിരിച്ചു റണ്‍വേയിലൂടെ തന്നെ അഞ്ചരിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മാത്രമേ വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമാകുകയുള്ളു.

സ്വാതന്ത്ര്യാനന്തരം 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെൻ്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ആറാട്ടിൻ്റെ ആചാരം മാറ്റമില്ലാതെ തുടരുന്നത്. 1932 ല്‍ കേണല്‍ ഗോദവര്‍മ രാജയാണ് റോയല്‍ ഫ്ലയിംഗ് ക്ലബിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്.

ഈ ആചാരങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ? ഘോഷയാത്ര വഴിമാറേണ്ടി വരുമോ? ഇനിയതുപറയേണ്ടത് അദാനി ഗ്രൂപ്പാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!