അവിശ്വാസ പ്രമേയം നനഞ്ഞ പടക്കം, പ്രതിപക്ഷത്തെ അധമം എന്നല്ലാതെ മറ്റൊന്നും വിളിക്കാനാകില്ല: എം സ്വരാജ്

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കം, പ്രതിപക്ഷത്തെ അധമം എന്നല്ലാതെ മറ്റൊന്നും വിളിക്കാനാകില്ല: എം സ്വരാജ്

പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി എം സ്വരാജ് എംഎൽഎ. നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒന്നിച്ച് നിൽക്കുന്നു. പടച്ചുവിടുന്ന അസത്യ ജൽപ്പനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേർന്നാണ് കേരളത്തിലെ അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു

അവിശ്വാസ പ്രമേയങ്ങൾ ഏറെ കണ്ട ചരിത്രമുള്ള നിയമസഭയാണിത്. നല്ല രീതിയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രാപ്തിയുണ്ടായിട്ടും വിഡി സതീശന്റെ അവിശ്വാസ പ്രമേയം നനഞ്ഞ പടക്കം പോലെ ആയെന്ന് ആലോചിക്കണം. പരാജയപ്പെടാൻ മാത്രമുള്ള വാദങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യമില്ല. ഇടതു സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടുവരുമ്പോൾ ഡൽഹിയിൽ മറ്റൊരു അവിശ്വാസം ചർച്ചയാകുകയാണ്. ഡൽഹിയിൽ സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോൾ വിജയിച്ചേക്കും

മുൻ യുഡിഎഫ് കാലത്ത് നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് വിഡി സതീശൻ മുമ്പ് ആരോപിച്ചിട്ടുണ്ട്. ആ വാക്ക് പിണറായി സർക്കാരിനോട് ഉപയോഗിക്കാത്തതിൽ സതീശനോട് നന്ദിയുണ്ട്. മുഖ്യമന്ത്രി കസേരയിൽ കണ്ടവർ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലേതെന്ന് ഓർക്കണം. കേരളം മാഫിയ രാജിലേക്ക് പോകുന്നുവെന്ന മുൻ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രനും ഇതുവരെ ഇടത് സർക്കാരിനെതിരെ പ്രയോഗിച്ചിട്ടില്ല

കേരള ചരിത്രത്തിലെ കരുത്തനായ മുഖ്യമന്ത്രിയെ എന്ത് ചെയ്യുമെന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രാണനെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ ഉയർത്തുകയാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന് പറഞ്ഞിട്ട് എന്തായി. പ്രതിപക്ഷ നടപടിയെ അധമം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. നാട് നശിക്കണം എന്നാണ് പ്രതിപക്ഷ ആഗ്രഹം. മഹാവ്യാധികളിൽ കേരളം ആടിക്കളയുമ്പോൾ തീജ്വാലയെ ഊതിക്കെടുത്താൻ ശ്രമിച്ചവരാണ് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങളെ ഈ സർക്കാർ കാത്തുസൂക്ഷിക്കുമെന്നും സ്വരാജ് പറഞ്ഞു.

Share this story