തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം; പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം; പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ഗ്രൂപ്പിന് വിട്ടുനൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സ്വകാര്യവത്കരണം ജനങ്ങളുടെ താത്പര്യത്തിന് എതിരാണ്. ഇതുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രമേയത്തെ പിന്തുണച്ചെങ്കിലും സംസ്ഥാന സർക്കാരിനെതിരെയും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. പ്രമേയത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നു. സംസ്ഥാന താത്പര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുകയാണ്. എന്നാൽ അദാനിയെ ഒരേ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് ചെന്നിത്തല ആരോപിച്ചു.

എന്നാൽ അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. പ്രതിപക്ഷം വെപ്രാളത്തിൽ പെട്ട് നിൽക്കുകയാണ്. നിയമസ്ഥാപനമായത് കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചത്. നിയമപരമായ കാര്യങ്ങൾക്കാണ് സമീപിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു.

Share this story