സെക്രട്ടേറിയറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ; രമേശ് ചെന്നിത്തലയും സംഘവും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

സെക്രട്ടേറിയറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ; രമേശ് ചെന്നിത്തലയും സംഘവും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ശക്തമായി ഏറ്റെടുക്കുന്നു. ജനപ്രതിനിധികളെ തീപിടിത്തം നടന്ന സ്ഥലത്തേക്ക് കയറ്റി വിടുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

സെക്രട്ടേറിയറ്റ് ആരുടെയെങ്കിലും തറവാട്ട് സ്വത്താണോയെന്ന് ചെന്നിത്തല ചോദിച്ചു. സ്വപ്‌നയുടെയും ശിവശങ്കരന്റെയും മാത്രം ഓഫീസാണോ. ജനപ്രതിനിധികളെ കയറ്റിവിടാൻ സർക്കാർ തയ്യാറാകണം. മുഴുവൻ കള്ളക്കളിയാണ്. എല്ലാത്തരത്തിലും അട്ടിമറിയാണ്. തെളിവുകൾ നശിപ്പിക്കുന്നു

പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. തീപിടിത്തം എൻഐഎ അന്വേഷിക്കണം. കേരളാ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജനപ്രതിനിധികളെ കയറ്റി വിട്ട് പരിശോധിക്കാൻ അവസരം നൽകണം. സത്യം പുറത്തുവരുമെന്ന ഭയത്തിലാണ് ജനപ്രതിനിധികളെ കയറ്റി വിടാത്തതെന്നും ചെന്നിത്തല ആരോപിച്ചു

വിടി ബൽറാം, വി എസ് ശിവകുമാർ, സി പി ജോൺ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രമേശ് ചെന്നിത്തല കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. നേരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Share this story