പട്ടയഭൂമി: സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി

പട്ടയഭൂമി: സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: ഇടുക്കിയിലെ പട്ടയഭൂമിയിൽ നടപ്പിലാക്കുന്ന നിയമം മറ്റു ജില്ലകളിലും കൂടി വ്യാപിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് തള്ളി. ഈ നിയമം സംസ്ഥാന വ്യാപകമാക്കിയാൽ അത് വികസനത്തെ തടസപ്പെടുത്തുമെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നും അതുകൊണ്ട് പ്രായോഗികമല്ലെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.

സർക്കാരിനും സിപിഎമ്മിനുമേറ്റ കനത്ത തിരിച്ചടിയാണിത്. ഇടുക്കിയിലെ പട്ടയഭൂമിയിൽ നിർമാണ നിയന്ത്രണം ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനോട് ഇടുക്കിയിൽ മാത്രമായി ഒരു നിയമമില്ലെന്നും സംസ്ഥാന വ്യാപകമായി നിയമം നടപ്പിലാക്കണമെന്നും കോടതി നിർദേശിക്കുകയുണ്ടായി. ഈ വിധി വന്ന് മാസങ്ങളായും നടപ്പിലാക്കാൻ തയാറാകാത്ത സാഹചര്യത്തിൽ കോടതി സ്വമേധയാ സർക്കാരിനെതിരേ കോടതിയലക്ഷ്യ നടപടിയെടുത്തു.

ഈ പശ്ചാത്തലത്തിലാണ് സർക്കാർ ധൃതിപ്പെട്ട് അപ്പീലുമായി പോയത്. നിയമം നടപ്പിലാക്കാൻ സർക്കാർ തയാറാകാത്തത് ജില്ലയ്ക്ക് പുറത്തുള്ള മുതലാളിമാരെയും സാമ്പത്തിക ശക്തികളെയും സഹായിക്കാനാണ് എന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. മൂന്നാറിലെ വ്യാപക കയ്യേറ്റങ്ങളുടേയും അന:ധികൃത കെട്ടിട നിർമ്മാണങ്ങളുടേയും പശ്ചാത്തലത്തിൽ 2010 ൽ കേരള ഹൈകോടതിയുടെ ഡിവിഷൻ ബഞ്ച് മൂന്നാറിലെ കെട്ടിട നിർമ്മാണങ്ങൾക്ക് NOC നിർബന്ധമാക്കി. എന്നാൽ 6 വർഷങ്ങൾക്ക് ശേഷം ഇപ്പോഴത്തെ ഇടത് സർക്കാർ അത് എട്ട് വില്ലേജുകളിലേക്ക് വ്യാപിച്ചു എന്ന് മാത്രമല്ലാ പട്ടയ ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന നിലപാടും ഹൈക്കോടതിയിൽ സ്വീകരിച്ചു.

ഇതേ തുടർന്നാണ് ഹൈക്കോടതി വിധിയും പിന്നാലെ ഉത്തരവും ഉണ്ടായത്. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്ഥാന അറ്റോർണി സോഹനും ഹർജിക്കാരിയായ ബൈസൻവാലി പഞ്ചായത്ത് മെമ്പർ ലാലി ജോർജിനു വേണ്ടി കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും ഹാജ രായി. കർഷകർക്കു വേണ്ടി നിയമപരമായും രാഷട്രീയമായുമുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Share this story