എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എൻഎഐ അസി. പ്രോഗ്രാമർ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. 15 പേരടങ്ങിയ സംഘമാണ് സെക്രട്ടേറിയറ്റിലെത്തിയത്. പൊതുഭരണ വകുപ്പിന്റെ സർവർ റൂമിലും ഇവർ പരിശോധന നടത്തി.

2019 ജൂലൈ മുതലുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. ഇതെല്ലാം നൽകണമെങ്കിൽ 400ടിബിയുള്ള ഹാർഡ് ഡിസ്‌ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് കാണിച്ച് പൊതുഭരണവകുപ്പ് എൻഐഎക്ക് മറുപടി നൽകിയിരുന്നു. ഈ കാലയളവിൽ സെക്രട്ടേറിയറ്റിലെത്തി എൻഐഎക്ക് ദൃശ്യങ്ങൾ പരിശോധിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു.

Share this story