വ്യാജ ഒപ്പ് ആരോപണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി; ലീഗും ബിജെപിയും ഒക്കച്ചങ്ങാതിമാർ

വ്യാജ ഒപ്പ് ആരോപണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി; ലീഗും ബിജെപിയും ഒക്കച്ചങ്ങാതിമാർ

വ്യാജ ഒപ്പ് ആരോപണം കാര്യങ്ങൾ അറിയാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ പരിശോധനാ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ്. ഫയലുകളിലെ ഒപ്പ് തൻരെ ഒപ്പ് തന്നെയാണ്. മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകളിൽ താൻ ഒപ്പിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നവരുണ്ടെന്ന ആരോപണം ഉന്നയിച്ചത് ബിജെപി നേതാവ് സന്ദീപ് വാര്യരായിരുന്നു. ബിജെപി നേതാവിന്റെ ആരോപണം ചില ചാനലുകൾ ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

അമേരിക്കൻ പര്യടനത്തെ തുടർന്ന് ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന കെസി ജോസഫിന്റെ പ്രസ്താവനക്ക് അന്ന് നൽകിയ വിശദീകരണം മുഖ്യമന്ത്രി ഇന്ന് ഉദ്ധരിച്ചു. സെപ്റ്റംബർ ആറിന് 39 ഫയലുകളിൽ ഒപ്പിട്ടുണ്ട്. ഇതിന്റെ തെളിവുകൾ പക്കലുണ്ട്. തന്റെ കൈയിലും ഐപാഡുണ്ട്. യാത്രാസമയത്ത് ഇത് കരുതാറുണ്ട്. യാത്രകളിൽ എല്ലാ ദിവസവും ഫയലുകൾ അയക്കുമായിരുന്നു. അത് നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ച് ഒപ്പിട്ട് തിരിച്ചയക്കാറുമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപി നേതാവിന്റെ ആരോപണം ഗൗരവതരമാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഒക്കച്ചങ്ങാതിമാർ പറയുമ്പോൾ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യം ലീഗ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story