ദേശീയ വിദ്യാഭ്യാസ നയം; മത ന്യൂനപക്ഷ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തണം: കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ദേശീയ വിദ്യാഭ്യാസ നയം; മത ന്യൂനപക്ഷ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തണം: കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍ ഇ പി) സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിന് മുമ്പായി ന്യൂനപക്ഷ സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ഇതു സംബന്ധമായ നയ രൂപീകരണത്തിന് മുമ്പ് വിശദമായ ചര്‍ച്ച അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ ഇനിമേല്‍ സഹകരണ മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടു. ഇത് ശരിയാണെങ്കില്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സ്വായശ്ര മേഖലയിലടക്കം കോളജുകളും കോഴ്‌സുകളും അനുവദിക്കുമ്പോള്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളെയും മത-ധര്‍മ്മ സ്ഥാപനങ്ങളെയും കൂടി പരിഗണിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനും നിവേദനം നല്‍കി.

സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവരാണ് നിവേദനം നൽകിയത്.

Share this story