യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ബോണ്ടും ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകളിലുണ്ട്.

കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറഞ്ഞത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ എൻഐഎ സംഘത്തിന് ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി നൽകിയത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

Share this story