ജ്വല്ലറി തട്ടിപ്പ്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി തട്ടിപ്പ്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വഞ്ചന കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. അതേസമയം കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം ഇതോടെ 41 വഞ്ചന കേസുകളായി. മടക്കര, കാടങ്കോട് സ്വദേശികളായ നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്തേര പൊലീസ് നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം എംഎൽഎക്കതിരെ രജിസ്‌ററർ ചെയ്തത്.

സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പിപി മൊയ്തീൻ കുട്ടിക്കാണ് അന്വേഷണ ചുമതല. 13 എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്നും ലോക്കൽ പൊലീസിൽ നിന്ന് കൂടുതൽ കേസ് ഫയലുകൾ കിട്ടാനുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്പി പിപി മൊയ്തീൻ കുട്ടി അറിയിച്ചു. എംഎൽഎയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഇതിന് ശേഷമാകും തീരുമാനിക്കുക.

Share this story