മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത; നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്‍

മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത; നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു മാദ്ധ്യമവും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ കൊണ്ട് നീചമായ ആക്രമണം നടത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരായി മനസ്സാക്ഷിക്ക് നിരക്കാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ എതിരാളികളും ചില മാദ്ധ്യമ പ്രതിനിധികളുമാണ് നെറികെട്ട നീക്കങ്ങള്‍ക്കു പിന്നിലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി ആരോപണങ്ങള്‍ വരുമ്പോള്‍ ജനങ്ങളോട് വസ്തുതകള്‍ പറയേണ്ടത് ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ബാധ്യതയാണെന്നും മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഒരു മാധ്യമധര്‍മ്മവും കണക്കിലെടുക്കാതെയാണ് കേരളത്തിലെ ഒരു പ്രമുഖ പത്രം തന്റെ ഭാര്യക്കെതിരെ വാര്‍ത്ത നല്‍കിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

‘സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞാന്‍ ക്വാറന്റീനിലായിരുന്നു. ഭാര്യ ക്വാറന്റീനിലായിരുന്നില്ല. കൊവിഡ് പ്രേട്ടോകോള്‍ ലംഘിച്ച് ഭാര്യ അവര്‍ നേരത്തെ ജോലി ചെയ്ത കണ്ണൂരിലെ ബാങ്കില്‍ പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പേരക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ് ഭാര്യ ബാങ്കില്‍ പോയത്. സെപ്റ്റംബര്‍ 25, 27 തീയതികളില്‍ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയത്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് ഒരു ധാര്‍മ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയെ വ്യക്തിഹത്യ നടത്താന്‍ മടികാണിക്കാത്ത നെറികെട്ട നിലപാട് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. മക്കള്‍ മാന്യമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്.’ ജയരാജന്‍ പറഞ്ഞു.

തന്റെ മകനെതിരെ പത്രത്തില്‍ വന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടാണെന്ന രീതിയില്‍ ബി. ജെ.പി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് പരിഹാസ്യമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Share this story