വി മുരളീധരനെ തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗിൽ

വി മുരളീധരനെ തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗിൽ

തിരുവനന്തപുരത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നയതന്ത്ര ബാഗ് വഴി അല്ലായിരുന്നുവെന്ന കേന്ദ്രവിദേശകാര്യമന്ത്രി സഹമന്ത്രി വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വർണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്‌സഭയിൽ രേഖാമൂലം വ്യക്തമാക്കി. പ്രതികളിലൊരാൾക്ക് വൻ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രേഖാമൂലം അറിയിച്ചു.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന വിവരം ജൂലൈ മാസത്തിൽ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസത്തിലാണ് പാഴ്‌സൽ എത്തിയത്. തുടർന്ന് വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാൻ അനുമതി നൽകി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ 30 കിലോ സ്വർണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എൻഐഐയും കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. കേസന്വേഷണത്തിൻറെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്നും മറുപടിയിൽ പറയുന്നു.

Share this story