385 കേസ്; 1131 അറസ്റ്റ്; എംഎല്‍എമാര്‍ ഷാഫിയും ശബരിയും; ജലീല്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

385 കേസ്; 1131 അറസ്റ്റ്; എംഎല്‍എമാര്‍ ഷാഫിയും ശബരിയും; ജലീല്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

മന്ത്രി കെടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു. സെപ്തംബര്‍ 11 മുതല്‍ നടന്ന സമരങ്ങളില്‍ ഇതുവരെ 385 കേസുകള്‍ ആണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1131 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോണ്‍ഗ്രസ്, യൂത്തുകോണ്‍ഗ്രസ് ബിജെപി, മഹിളാ മോര്‍ച്ച, എബിവിപി, കെഎസയു, എംഎസ്എഫ്, യുവമോര്‍ച്ച, മുസ്ലീം ലീഗ് ഇത്തരം സംഘനടകളുടെയും പാര്‍ട്ടികളുടെയും പ്രവര്‍ത്തകകര്‍ വിവിധ ജില്ലകളില്‍ അറസ്റ്റിലായി.

മന്ത്രി ജലീലിനെ എന്‍ഐഎ വിളിപ്പിച്ച വ്യാഴാഴ്ച വരെയുള്ളതാണ് ഈ കണക്കുകള്‍. മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയതിന് പിന്നാലെ വ്യാഴാഴ്ച സംസ്താനത്ത് വ്യാപകമായ പ്രതിഷേധവും പൊലീസ് നടപടികളും ഉണ്ടായി. മുഖ്യമന്ത്രി പറഞ്ഞ കേസുകളില്‍ ഈ സംഭവങ്ങള്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല. വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ നിരവധി പേര്‍ക്ക് വ്യാഴാഴ്ച ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് സമരങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടകാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സെപ്തംബര്‍ 21 മുതലാണ് ഇളവ് നല്‍കിയത്. 100 പേര്‍ക്ക് കൂടിച്ചേരാന്‍ അനുമതി നല്‍കിയത്. ഇപ്പോഴത്തെ സാചര്യത്തില്‍ മറ്റ് കൂടിച്ചേരല്‍ അനുവദിക്കുന്നതല്ല. സംസ്ഥാനത് ഇപ്പോള്‍ നടക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ആളുകളെ കൂടുതല്‍ കൂട്ടാന്‍ മത്സരം നടക്കുന്ന സാഹചര്യമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല തങ്ങള്‍ക്ക് ബാധകമല്ലെ എന്നതാണ് രീതി. പരസ്യമായ പ്രോട്ടോക്കോള്‍ ലംഘനമാണ് തുടരുന്നത്. മാത്രമല്ല, ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് നിയമവിരുദ്ധമായ കൂട്ടം ചേരലാണ്. പൊതു സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു. സ്വാഭാവികമായി ഇത്തരം ചെയ്തികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ട്, എപിഡമിക്ക് ഡിസീസ് ആക്ട് പ്രകാരമുള്ള നിയമ നടപടിയും കൈക്കൊള്ളും. ഹൈക്കോടതി തന്നെ അനാവശ്യ കൂട്ടം ചേരല്‍ പാടില്ലെന്ന് വിലക്കി ഉത്തരവിട്ടിരുന്നു.

സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നില്ല, സാമൂഹിക അകലം പാലിക്കുന്നില്ല. ഇത്തരം കുറ്റങ്ങള്‍ക്ക് 1629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത സംഭവം ആണ് നടക്കുന്നത്. കാരണം ആവശ്യമായ ജാഗ്രത പാലിക്കാതെയുള്ള സമരങ്ങളാണ് നടക്കുന്നത്. മാത്രമല്ല, സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിക്കുന്നു. വലിയ കൂട്ടമായി തള്ളിച്ചെല്ലുന്നു. മാസ്‌കും അകലം പാലിക്കാതെയുമള്ള ഏതൊരു പ്രവര്‍ത്തനവും ഇക്കാലത്ത് നടത്താന്‍ പാടില്ലാത്തതാണ്. അത് എല്ലാവരും ഉള്‍ക്കൊള്ളണം.

അക്രമ സമരം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ ഇത്തരം രീതികള്‍ നാടിനെതിരെയുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. നിയമ ലംഘനങ്ങളും രോഗ വ്യാപന ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ എല്ലാവരും തയ്യാറാകണം. പ്രത്യേകിച്ച മാധ്യമങ്ങളും ആ കാര്യം ശ്രദ്ധിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share this story