ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം; ലാത്തിച്ചാര്‍ജ്

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം; ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. മിക്കയിടങ്ങളിലും പ്രതിഷേധക്കാരെ തുരത്താൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകളാണ് പ്രതിഷേധത്തിന് മുൻനിരയിലുള്ളത്. മന്ത്രിയെ എൻ.ഐ.എ. ചോദ്യം ചെയ്തതോടെയാണ് പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്.

സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് നടന്നു. കൊല്ലത്ത് കെ.എസ്.യു. മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്തും കെ.എസ്.യു. നടത്തിയ മാർച്ചും അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മന്ത്രിയെ ചോദ്യം ചെയ്യുന്ന എൻ.ഐ.എ. ഓഫീലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വഴിയിൽ വെച്ചുതന്നെ മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്തു എൻഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു.

കോട്ടയം എസ്പി ഓഫീലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരിൽ ചിലരെ പോലീസ് ലാത്തികൊണ്ട് നേരിട്ടു. പ്രവർത്തകർ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.

Share this story