ധീര ജവാൻ അനീഷ് തോമസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

ധീര ജവാൻ അനീഷ് തോമസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

കടയ്ക്കൽ: കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാൻ കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

അനീഷിന്റെ വസതിയിലെ പൊതുദർശനത്തിനു ശേഷം മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹപ്രവർത്തകരായ സീനിയർ ഓഫീസർ അഞ്ചൽ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോൺസൻ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. 16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്. മദ്രാസ് 17 റെജിമെന്റിൽ ലാൻസ് നായിക്കായിരുന്നു. നായിക് റാങ്കിൽ പ്രൊമോഷൻ നേടി ആറ് മാസം മുൻപാണ് കാശ്മീരിലേക്ക് പോയത്.

Share this story