അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ ശക്തമായത്. വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 19ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ 20ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട്‌

*റെഡ്-ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.*
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.
2020 സെപ്റ്റംബർ 19 : ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
2020 സെപ്റ്റംബർ 20 : കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്.
2020 സെപ്റ്റംബർ 21 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
2020 സെപ്റ്റംബർ 19 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട .
2020 സെപ്റ്റംബർ 20 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
2020 സെപ്റ്റംബർ 21 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
2020 സെപ്റ്റംബർ 22 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

Share this story