കാമുകിയെ കാണാൻ തൃശ്ശൂരിൽ നിന്ന് ബേക്കൽ കോട്ടയിലെത്തിയ യുവാവ് കണ്ടത് 50കാരിയെ; പിന്നെ കത്തിയെടുത്ത് വീശി

കാമുകിയെ കാണാൻ തൃശ്ശൂരിൽ നിന്ന് ബേക്കൽ കോട്ടയിലെത്തിയ യുവാവ് കണ്ടത് 50കാരിയെ; പിന്നെ കത്തിയെടുത്ത് വീശി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനാണ് യുവാവ് സുഹൃത്തിനെയും കൂട്ടി തൃശ്ശൂരിൽ നിന്ന് ബൈക്കുമെടുത്ത് കാസർകോട് ബേക്കൽ കോട്ട വരെ എത്തിയത്. പർദ അണിഞ്ഞെത്തിയ കാമുകിയുടെ മുഖം കണ്ടതോടെ പിന്നെ പ്രണയനിമിഷങ്ങൾ കൊലവിളിയിലേക്ക് മാറുകയായിരുന്നു. 20കാരി ആണെന്ന് പറഞ്ഞ് തന്നെ പറ്റിച്ചത് 50 വയസ്സുള്ള മുതിർന്ന സ്ത്രീയാണെന്ന് അപ്പോഴാണ് കാമുകന് മനസ്സിലായത്.

കുമ്പള വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സ്ത്രീയാണ് തൃശ്ശൂരിലെ യുവാവിനെ 20കാരിയെന്ന പേരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതും പ്രണയിച്ചതും. പ്രണയം മുറുകിയതോടെ യുവാവിൽ നിന്ന് പലപ്പോഴായി പണവും ഇവർ കൈപ്പറ്റിയിരുന്നു.

കാമുകിയെ കാണണമെന്ന അതിയായ ആഗ്രഹം അറിയിച്ചതോടെയാണ് ബേക്കൽ കോട്ടയിൽ വരാൻ നിർദേശിച്ചത്. സുഹൃത്തിനെയും കൂട്ടി തൃശ്ശൂരിൽ നിന്ന് ബൈക്കുമെടുത്ത് യുവാവ് പുറപ്പെട്ടു. പർദയുടെ മുഖാവരണം നീക്കിയപ്പോഴാണ് കിട്ടിയ പണി യുവാവിന് മനസ്സിലായത്

ഇതോടെ താൻ പലപ്പോഴായി നൽകിയ പണം യുവാവ് തിരികെ ചോദിച്ചു. ഇതേ ചൊല്ലി വാക്കുതർക്കമുണ്ടാകുകയും യുവാവ് കത്തി വീശുകയുമായിരുന്നു. തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുന്നതും എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുന്നതും. സ്ത്രീക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ യുവാക്കളുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. സ്ത്രീയെ വനിതാ പോലീസിനെ കൂട്ടി വീട്ടിലേക്കും വിട്ടു.

Share this story