സമരങ്ങള്‍ നേരിട്ട 101 പൊലീസുകാര്‍ക്ക് കൊവിഡ്; പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി

സമരങ്ങള്‍ നേരിട്ട 101 പൊലീസുകാര്‍ക്ക് കൊവിഡ്; പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ വകവയ്ക്കാതെ പ്രതിപക്ഷം വൈറസിന് പടരാന്‍ അവസരമൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരങ്ങള്‍ നേരിടുന്ന പൊലീസുകാര്‍ക്കും കൊവിഡ് വരുന്നു. സമരത്തെ നേരിട്ട 101 പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുകയും നിരവധി പൊലീസുകാര്‍ ക്വാറന്റൈനിലാകുകയും ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് പൊലീസ്. അതിനുളള പ്രത്യുപകാരമായി അവര്‍ക്ക് കൊവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഒഴിവാക്കാനായി പറയുന്നു. പക്ഷേ കൊവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലായെന്നും അതുപക്ഷേ സമൂഹത്തെ അപകടപ്പെടുത്തിക്കൊണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമ സമരം നടത്തിയാലേ മാധ്യമ ശ്രദ്ധ കിട്ടൂ എന്ന ധാരണ തിരുത്തണം. എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ട് കൊടുക്കില്ലെന്ന് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this story