വൃദ്ധയെ പീഡിപ്പിച്ച കേസ്: കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതി മുജീബ് റഹ്മാൻ പിടിയിൽ

വൃദ്ധയെ പീഡിപ്പിച്ച കേസ്: കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതി മുജീബ് റഹ്മാൻ പിടിയിൽ

കോഴിക്കോട് മുക്കത്ത് വൃദ്ധയെ പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസിൽ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതി മുജീബ് റഹ്മാൻ പിടിയിലായി. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞാഴ്ചയാണ് ഇയാൾ രക്ഷപ്പെട്ടത്.

കതിരൂരിൽ ഭാര്യാവീടിന് സമീപത്തുള്ള കാട്ടിൽ ഒളിച്ചുകഴിയവെയാണ് മുജീബിനെ പിടികൂടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്. 20ന് രാത്രിയിൽ ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

വയോധികയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതി ജമാലുദ്ദീനെ ഇന്നലെ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂലൈ 2നാണ് കേസിനാസ്പദമായ സംഭവം. വയോധിക വാഹനം കാത്തുനിൽക്കുമ്പോൾ മോഷ്ടിച്ച ഓട്ടോയുമായി എത്തിയ മുജീബ് റഹ്മാൻ ഇവരെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തി കൈയും കാലും കൂട്ടികെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ഇവരുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. കവർച്ച നടത്തിയ സ്വർണം വിൽപ്പന നടത്തിയതും പീഡനത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പർ പ്ലേറ്റ് ഒപ്പിച്ചു കൊടുത്തതും ജമാലുദ്ദീനും സൂര്യപ്രഭ എന്ന യുവതിയും ചേർന്നായിരുന്നു.

Share this story