അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച്: സ്വപ്ന

അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച്: സ്വപ്ന

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിയുടെ മകന് സൗഹൃദമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഹോട്ടല്‍ മുറിയില്‍ സ്വപ്നയ്ക്കൊപ്പം സമയം ചിലവഴിക്കുന്ന മന്ത്രിപുത്രന്‍റെ ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഈ തെളിവുകള്‍ ശരി വയ്ക്കുന്ന രീതിയില്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ് സ്വപ്ന സുരേഷ് മന്ത്രിപുത്രനൊപ്പമുള്ള തന്‍റെ ചിത്രങ്ങള്‍ കൃത്രിമമല്ലെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലില്‍ നടന്ന സൗഹൃദ കൂട്ടായ്മക്കിടെ പകര്‍ത്തിയ ചിത്രമാണിതെന്നാണ് സ്വപ്നയുടെ മൊഴി.

ദൃശ്യം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ പിഎസ് സരിത്തും സന്ദീപ്‌ നായരും മന്ത്രിപുത്രന്‍റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. യാദൃച്ഛികമായി സംഭവിച്ച കൂടിക്കാഴ്ചയാണ് അതെന്നും ഹോട്ടലില്‍ എത്തിയപ്പോള്‍ മന്ത്രിപുത്രനും കുടുംബവും അവിടെയുണ്ടെന്ന് അറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷനിച്ചതാണെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും സ്വപ്നയെയും ഒരുമിച്ചിരുത്തി ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിനിടെയാണ് സ്വപ്നയുടെ മൊഴി. ചിത്രം കൃത്രിമമായി സൃഷ്‌ടിച്ചതാണെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ (സ്വപ്ന സുരേഷ്, സന്ദീപ്‌, സരിത്ത്) കൈപ്പറ്റിയ കമ്മീഷന്‍റെ ഒരു വിഹിതം മന്ത്രിപുത്രന് കൈമാറിയെന്ന ആക്ഷേപത്തെ കുറിച്ചും അന്വേഷണ സംഘം സ്വപ്നയോട്‌ ചോദിച്ചു. എന്നാല്‍, ഇതില്‍ മന്ത്രിയുടെ മകനുമായി കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കും പങ്കില്ലെന്നും സ്വപ്ന മറുപടി പറഞ്ഞു.

Share this story