പാലാരിവട്ടം മേൽപ്പാലം പുനർനിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച ടാറിംഗ് നീക്കുന്ന ജോലികൾ ആരംഭിക്കും. ടാറിംഗ് പൂർണമായും നീക്കിയ ശേഷമാണ് പാലം പൊളിച്ചു നീക്കുക.

ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിന് മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെ വെച്ച് തന്നെ പൊടിയാക്കി മാറ്റും. കഷ്ണങ്ങളാക്കുന്ന ഗർഡർ കടൽഭിത്തി നിർമിക്കാൻ ഉപയോഗിക്കാമെന്ന നിർദേശവും ഉപേക്ഷിച്ചു. ലോറിയിൽ കയറ്റി കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്.

നെറ്റ് കർട്ടൻ വിരിച്ച് പൊടിശല്യം കുറയ്ക്കാൻ ശ്രമിക്കും. ഇടയ്ക്കിടെ വെള്ളവും നനച്ച് കൊടുക്കും. എന്നാൽ പൊടിയിൽ നിന്ന് പൂർണ മുക്തിയുണ്ടാകില്ല. പാലം പൊളിച്ച് പുതിയത് നിർമിക്കാനായി ഒമ്പത് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. പുനർനിർമാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വർഷമായി വർധിക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Share this story