നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും

നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും

വിവാദമായ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിയമസഭാ സമിതിയുടെ അന്വേഷണം. മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരായ പരാതി നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയാകും അന്വേഷിക്കുക. ഒരാഴ്ച മുന്‍പാണ് ഇതുസംബന്ധിച്ച ഫയലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒപ്പിട്ടത്.

കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടി തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. അടുത്തമാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന.

കമറുദ്ദീനെ സഭാസമിതി വിളിച്ചുവരുത്തി വിശദീകരണം തേടും. എ.പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്സ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍. അനൂപ് ജേക്കബ്, ജോര്‍ജ് എം. തോമസ്, വി.എസ്. ശിവകുമാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി. കെ.സി.മമ്മദ് കോയ, ഡി.കെ മുരളി, പി. ടി.ടൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് അംഗങ്ങള്‍.

Share this story