യൂടൂബർ വിജയ് പി നായർക്ക് കോടതി ജാമ്യം അനുവദിച്ചു

യൂടൂബർ വിജയ് പി നായർക്ക് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസിൽ യൂടൂബർ വിജയ് പി നായർക്ക് കോടതി ജാമ്യം അനുവദിച്ചു. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടിവരും.

ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് നേരെ വിജയ് പി നായർ നൽകിയ കേസിൽ കോടതി നാളെ വിധി പറയും. ഈ കേസിൽ വിശദമായ വാദം കേൾക്കൽ പൂർത്തിയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചത്. കൈയേറ്റം ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതിക്രമിച്ച് കടക്കൽ, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ചുമത്തിയ എഫ്ഐആറിൽ ഊന്നിയായിരുന്നു വാദം.

Share this story