തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചേലക്കൽ സ്വദേശി യാസർ അറാഫത്താണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിനിടെയാണ് യാസറിനെ വെട്ടിയത്.

സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. യാസറും സുഹൃത്തുക്കളും വീടിന് സമീപത്തെ സ്‌കൂൾ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ താക്കീത് നൽകിയിരുന്നു. ഇന്നലെ രാത്രിയും ഇരു വിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സമയം ഇവിടെ നിന്ന് മടങ്ങിപ്പോയ യാസറും സുഹൃത്തുക്കളും സംഘടിച്ച് തിരിച്ചെത്തുകയും വെല്ലുവിളി നടത്തുകയുമായിരുന്നു

പിന്നീട് ആയുധങ്ങളുമായി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. യാസറിനും അബൂബക്കറിന്റെ മക്കളായ ഷമീം, സജീഫ് എന്നിവർക്കും വെട്ടേറ്റു. യാസർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഷമീം, സജീഫ് എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Share this story