വിസാ സ്റ്റാമ്പിംങ്ങ് കരാറിലും സ്വപ്‌ന സുരേഷിന് കമ്മീഷന്‍

വിസാ സ്റ്റാമ്പിംങ്ങ് കരാറിലും സ്വപ്‌ന സുരേഷിന് കമ്മീഷന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട കരാറിലും കമ്മീഷന്‍ ലഭിച്ചെന്ന് മൊഴി. വിസ സ്റ്റാമ്പങ്ങുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിന് ചെന്നൈയിലെ ഫോര്‍ത്ത് ഫോഴ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു കരാര്‍ നല്‍കിയത്.

കരാര്‍ ലഭിക്കുന്നതിന് വേണ്ടി സ്ഥാപനം വന്‍ തുക സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ത്ത് ഫോഴ്‌സ് എംഡി ആര്‍ എന്‍ ജയപ്രകാശിനേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കരാര്‍ ലഭിക്കുന്നതിന് വേണ്ടി സ്വപ്നയ്ക്ക് പണം നല്‍കിയതായി ഇയാളും സമ്മതിച്ചിട്ടുണ്ട്.

ജോലിയ്ക്കായി പോകുന്ന ഉദ്യോഗാര്‍ഥികളുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഭാഗമായുളള പശ്ചാത്തല അന്വേഷണമാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത്. ഇതുവഴി ഉദ്യോഗാര്‍ഥികളില്‍ നിന്ന് 6400 രൂപ അധികമായി ഈടാക്കാനായിരുന്നു നീക്കം.

Share this story