ഏഷ്യാനെറ്റ് ന്യൂസിന് പിന്നാലെ എല്ലാ ചാനലും ബഹിഷ്‌ക്കരിക്കാന്‍ സിപിഎം തീരുമാനം

ഏഷ്യാനെറ്റ് ന്യൂസിന് പിന്നാലെ എല്ലാ ചാനലും ബഹിഷ്‌ക്കരിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ തീരുമാനം കടുപ്പിച്ച് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സിപിഎം തീരുമാനിച്ചു. തല്‍ക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം . ഇതോടെ ഇന്നു നടന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും സിപിഎം പ്രതിനിധികള്‍ പങ്കെടുത്തില്ല.

ഇന്നു ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തിയത്. നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാല്‍ അവിടെ പാര്‍ട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മനോരമയിലും മാതൃഭൂമിയിലും ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു.

കുറച്ചുനാളായി ചാനലുകള്‍ ചര്‍ച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകള്‍ എകെജി സെന്ററില്‍ വിളിക്കുകയും വിഷയം പറഞ്ഞാല്‍ പ്രതിനിധികളെ അവര്‍ നിശ്ചയിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ഇന്നലെ മാതൃഭൂമി ചാനല്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ എന്‍എന്‍ കൃഷ്ണദാസിനെ എകെജി സെന്റര്‍ ചുമതലപ്പെടുത്തി. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ നിന്നും ഒഴിവായി. മനോരമയടക്കമുള്ള ചാനലുകള്‍ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററില്‍ വിളിച്ചെങ്കിലും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ മുഖ്യമന്ത്രി കുരുക്കിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. 2017ല്‍ കോണ്‍സുലേറ്റ് ജനറലിനൊപ്പം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടുവെന്നും മുഖ്യമന്ത്രിയാണ് ശിവശങ്കരനെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചാനല്‍ ചര്‍ച്ചകള്‍ നടന്നത്. ഇന്നു സിപിഎം പ്രതിനിധികള്‍ ഒഴിഞ്ഞു നിന്നതോടെ ചില ഇടതു നിരീക്ഷകരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ചില ചാനലില്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തിരുന്നു. വരും ദിവസങ്ങളിലും ഈ നിലപാട് തുടരാനാണ് സിപിഎം തീരുമാനം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ ചാനല്‍ ബഹിഷ്‌ക്കരണം ഗുണം ചെയ്യില്ലെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ നേതൃത്വത്ത ഭയന്ന് പലരും ഇതു പരസ്യമായി പറയാന്‍ തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Share this story