പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: നാല് വര്‍ഷത്തിനു ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52 പേരാണു പ്രതികള്‍.

കൊല്ലം പറവൂര്‍ കോടതിയിലാണു ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.

അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

2016 ഏപ്രില്‍ പത്താം തിയതിയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമുണ്ടായത്. ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണ് മരിച്ചത്. എഴുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. നൂറിലധികം വീടുകള്‍ തകര്‍ന്നു.

Share this story