വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം

വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം

അവിശ്വാസ പ്രമേയത്തിനിടെ വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോട്ടീസ് നൽകി. റോഷി അഗസ്റ്റിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കേരളാ കോൺഗ്രസ് തീരുമാനം ലംഘിച്ച് ഇരുവരും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പാർട്ടിക്ക് വേണ്ടി റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് നൽകിയിരിക്കുന്നത്. വോട്ടെടുപ്പിലെ നിലപാട് സംബന്ധിച്ച് ഇരു വിഭാഗവും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. അതേസമയം ആദ്യം പരാതി നൽകിയത് റോഷി അഗസ്റ്റിനാണെന്ന് സ്പീക്കർ ചൂണ്ടിക്കാണിക്കുന്നു

മോൻസ് ജോസഫിന്റെ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ വിവാദമാകുമെന്ന് കരുതി ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. കോടതി വിധിയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവും കണക്കിലെടുത്താകും നടപടി സ്വീകരിക്കുക. രണ്ട് ഭാഗത്തിന്റെയും വാദം കേൾക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

Share this story