ഒരേ മേഖലയില്‍ ഉള്ളവര്‍ക്ക് രണ്ടു നീതി; വഴിയോര കച്ചവക്കാര്‍ക്കെതിരെ നിയമ നിയന്ത്രണം വേണം

ഒരേ മേഖലയില്‍ ഉള്ളവര്‍ക്ക് രണ്ടു നീതി; വഴിയോര കച്ചവക്കാര്‍ക്കെതിരെ  നിയമ നിയന്ത്രണം വേണം

തിരുവനന്തപുരം: ഒരേ മേഖലയില്‍ ഉള്ളവര്‍ക്ക് രണ്ടു നീതി, വഴിയോര കച്ചവക്കാര്‍ക്കെതിരെ നിയമ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയില്‍ ഫൂട് വേര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി(KRFA) മുഖ്യമന്ത്രിക്ക് കത്തയച്ചു.തെരുവോര കച്ചവടക്കാരിൽ /നിന്ന് സാധനങ്ങൾ വാങ്ങി അവരെ സഹായിക്കണമെന്നും, നാട്ടുകാർ കൂട്ടം കൂടി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അവരെ ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെടുകയും, അത് മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടും, വേറെ മാർഗമില്ലാത്തതിനാൽ ഉപജീവനത്തിനായി വഴിയോരക്കച്ചവടം ചെയ്യുന്നവരോട് ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞത് സഹാനുഭൂതി സ്വാഗതാർഹമാണ്.

പക്ഷേ ഇതിനു പിന്നിലെ ചില കാണാപ്പുറങ്ങളുണ്ട്. അതേക്കുറിച്ച് ആരും അറിയുന്നില്ല അന്വേഷിക്കുന്നില്ല

ഇന്ന് നാട്ടിൽ കാണുന്ന 90% വഴിയോര കച്ചവടങ്ങളും മുഖ്യമന്ത്രി പറഞ്ഞത് പോലെ ” ഉപജീവനമാർഗമല്ല”. മറിച്ച് വൻകിട അനധികൃത വ്യാപാര മാഫിയയാണ്. നമ്മൾ കാണുന്ന “കച്ചവടക്കാർ” 90% ദിവസക്കൂലിക്കാരാണ്.

എത്ര തിരക്കുള്ള ഹൈവേ റോഡ് സൈഡും, ഏത് വൻ നഗരത്തിലെ നടപ്പാതയും ധൈര്യസമേതം കൈയേറി ടെൻറുകൾ സ്ഥാപിച്ച്, യാതൊരു വിധ ലൈസൻസുകളും, റജിസ്ട്രേഷനുകളും ഇല്ലാതെ, ആരോഗ്യ / സുരക്ഷാ / തൊഴിൽ / ട്രാഫിക് ……..etc…..മാനദണ്ഡങ്ങളും പാലിക്കാതെ സർവസ്വതന്ത്രരായി, എത്ര ലക്ഷത്തിന് വ്യാപാരം ചെയ്താലും ഒരു രൂപ നികുതി ബാധ്യതയില്ലാതെ വ്യാപാരം നടത്തുന്ന ഒരു വൻ മാഫിയയാണ് വഴിയോര വ്യാപാരവും, വാഹനങ്ങളിലുള്ള വ്യാപാരവും നിയന്ത്രിക്കുന്നത്. പലരും 20/30 വാഹനങ്ങൾ വരെ ലൈൻ തിരിച്ച് ഓടിക്കുന്നു.10/15 വഴിയോര കടകളുള്ള ചെയിൻ വ്യാപാര ശൃംഖലകളുണ്ട് കൂട്ടത്തിൽ. വൻ തോതിൽ അനധികൃത രീതിയിൽ സാധനങ്ങൾ കൊണ്ടുവന്ന് വീതിച്ചുനല്കി വ്യാപാരം ചെയ്ത് ഒരു സമാന്തര വ്യാപാര ശൃംഖല നാട്ടിൽ ഉടലെടുക്കുകയാണ്. എന്നാൽ ഇതൊന്നും ആരും അറിയുന്നില്ല.

മറുവശത്ത്
എല്ലാവിധ ലൈസൻസുകളും എടുത്ത്, വൻ വാടക നല്കി, ടാക്സും, ഫീസും സമയാസമയങ്ങളിൽ അടച്ച് സ്ഥാപനം തുറന്നിരിക്കുന്ന വ്യാപാരികൾ അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള തുകക്കുള്ള വ്യാപാരം പോലും നടക്കാതെ ആശങ്കയിൽ കഴിയുന്നു.എന്നാൽ അവർക്കുള്ള പരിശോധനകളും, നോട്ടീസുകളും, ഫൈനുകളും യാതൊരു മുടക്കവും കൂടാതെ വന്നുകൊണ്ടിരിക്കുന്നു എല്ലാ നിയന്ത്രണങ്ങളും അവർക്ക് മാത്രം. വഴിയോര / വാഹനക്കച്ചവടക്കാർ സർവസ്വതന്ത്രരും. ഇവിടെ മുഖ്യമന്ത്രി പൊതു ജനത്തോടാണ് പറയുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് ആണ്. എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനം നടത്തുന്ന നിയമ ലംഘനങ്ങൾക്കു പോലും ഉത്തരവാദി സ്ഥാപന ഉടമയാണ്താനും.

ഇത് ഒരു സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കാൻ പാടില്ലാത്ത ഇരട്ടനീതിയാണ്.
ഒന്നുകിൽ നിയമാനുസൃതം വ്യാപാരം നടത്തുന്നവർക്കു മേൽ ഉള്ള എല്ലാ നിയന്ത്രണങ്ങളും, നിയമങ്ങളും വഴിയോരങ്ങളിലും/ വാഹനങ്ങളിലും വ്യാപാരം നടത്തുന്നവർക്കും ബാധകമാക്കുക, അല്ലെങ്കിൽ വഴിയോരത്ത് / വാഹനങ്ങളിൽ വ്യാപാരങ്ങൾ നടത്തുന്നവർക്കുള്ള സകല സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും നിയമാനുസൃതം വ്യാപാരം നടത്തുന്നവർക്കും അനുവദിച്ചു തരിക.
കാരണം ഒരേ നാട്ടിൽ ഒരേ മേഖലയിൽ ഉള്ളവർക്കിടയിൽ രണ്ടു തരം നീതി എന്നത് ഏറ്റവും വലിയ അനീതിയാണ് എന്നൊക്കെ കാട്ടിയാണ് KRFA മുഖ്യമന്ത്രിക്ക് കത്ത് അയച്ചത് .

Share this story