ഭാഗ്യലക്ഷ്മിയുടെ വാദം ശരിയല്ല , മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഭാഗ്യലക്ഷ്മിയുടെ വാദം ശരിയല്ല , മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച്‌ തമ്പാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്. ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികള്‍ ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതില്‍ അപേക്ഷ നല്‍കിയത്.

കോടതി നേരത്തെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.കേസ് വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്പ് പറഞ്ഞത്. താനും വെമ്പായം സ്വദേശിനി ദിയ സനയും, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി.

യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായര്‍ അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം.’ എന്നാണ് ഭാഗ്യലക്ഷ്മി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

Share this story