ജലീലിനെ അപകീർത്തിപ്പെടുത്തിയ കേസ്; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ജലീലിനെ അപകീർത്തിപ്പെടുത്തിയ കേസ്; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് മുസ്‌ലിം ലീഗ് പ്രവർ‌ത്തകൻ യാസര്‍ അറാഫത്തിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ചങ്ങരംകുളം, കുറ്റിപ്പുറം, താനൂർ പൊലീസ് സ്റ്റേഷനുകളിൽ യാസറിനെതിരെ കേസുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

പ്രവാസിയായ യാസറിനെ യു.എ.ഇയിൽ നിന്നും നാടുകടത്താൻ മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ സമ്മ‍ർദ്ദം ചെലുത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. പ്രോട്ടോകോൾ ലംഘനത്തിനപ്പുറം നടപടിയിൽ നിയമലംഘനങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യാസർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെതിരെ യാസറിന്റെ കുടുംബം മന്ത്രിയുടെ മലപ്പുറത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു.

Share this story