ഹജ് അപേക്ഷകൾ സ്വീകരിക്കുന്നത് കേന്ദ്ര ഹജ് കമ്മിറ്റിയുടെ പരിഗണനയിൽ 

ഹജ് അപേക്ഷകൾ സ്വീകരിക്കുന്നത് കേന്ദ്ര ഹജ് കമ്മിറ്റിയുടെ പരിഗണനയിൽ 

കൊണ്ടോട്ടി: ഹജ് 2021 തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നത് കേന്ദ്ര ഹജ് കമ്മിറ്റിയുടെ പരിഗണനയിൽ. സൗദി ഹജ് മന്ത്രാലയത്തിൽ നിന്ന് ഇതുവരെ 2021 ലെ ഹജ് സംബന്ധിച്ച നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ വിദേശികൾക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയത് മുൻനിർത്തി ഹജ് തീർത്ഥാടനത്തിനുള്ള നിർദേശങ്ങൾ അവസാന നിമിഷം വരുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ മുൻകൂട്ടി സ്വീകരിച്ച് നടപടികളിലേക്ക് കടക്കാൻ കേന്ദ്ര ഹജ് കമ്മിറ്റി ശ്രമിക്കുന്നത്.

അടുത്ത മാസം അപേക്ഷകൾ സ്വീകരിക്കുന്നതിനാണ് പദ്ധതി. കോവിഡ് മുൻനിർത്തി ആരോഗ്യമുള്ളവർക്കായിരിക്കും ഇത്തവണ ഹജിന് അവസരം ലഭിക്കുകയെന്നാണ് സൂചന. വിദേശികളിൽ 18 നും 50 നുമിടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്കാണ് ഉംറ തീർത്ഥാടനത്തിന് സൗദി ഹജ് മന്ത്രാലയം അനുമതി നൽകിയത്. കോവിഡ് മൂലം കഴിഞ്ഞ വർഷം ഹജ് തീർഥാടനം വളരെ പരിമിതമായ രീതിയിലാണ് നടത്തിയത്. വിദേശങ്ങളിൽനിന്ന് തീർഥാടകർക്ക് സൗദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ആയതിനാൽ കഴിഞ്ഞ വർഷം അവസരം കൈവന്നവർക്ക് ഈ വർഷം നേരിട്ട് അവസരം നൽകണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹജ് അപേക്ഷ സ്വീകരണം, നറുക്കെടുപ്പ്, തീർത്ഥാടകരെ സഹായിക്കുന്ന ട്രെയിനർമാർക്കുള്ള പരിശീലനം തുടങ്ങിയവ മുൻകൂട്ടി നടത്താനാണ് പദ്ധതികൾ തയാറാക്കുന്നത്. ഇത് സംബന്ധിച്ച സൂചനകളും കേന്ദ്രം സംസ്ഥാന ഹജ് കമ്മിറ്റികൾക്ക് കൈമാറി.

സൗദിയിലെ ആഭ്യന്തര തീർത്ഥാടകർക്കായിരുന്നു ഇതുവരെ ഉംറക്ക് അനുമതി നൽകിയിരുന്നത്. അടുത്ത മാസം മുതലാണ് വിദേശികൾക്കും നിബന്ധനകളോടെ ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയിട്ടുള്ളത്. ഹജിനും മാനദണ്ഡങ്ങളോടെ വിദേശികൾക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് കേന്ദ്ര ഹജ് കമ്മിറ്റി.

Share this story