ഭൂജല ഉപയോഗ വിവരണശേഖരണത്തിന് മൊബൈൽ ആപ്

ഭൂജല ഉപയോഗ വിവരണശേഖരണത്തിന് മൊബൈൽ ആപ്

സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘നീരറിവ്’ എന്ന പേരിലുള്ള ആപ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് സി.ഡി. ഏറ്റുവാങ്ങി.

നാഷണൽ ഹൈഡ്രോളജി മിഷന്റെ ഭാഗമായി കേന്ദ്രസഹായത്തോടെയാണ് ഭൂജല വകുപ്പ് സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബജറ്റിംഗും നടത്തുന്നത്. ആറ് കോടി രൂപയാണ് കേന്ദ്രസഹായം. എല്ലാത്തരം കിണറുകൾ, കുളം, നീരുറവകൾ, സുരംഗങ്ങൾ മുതലായവയുടെ ജലവിതാനം, ആഴം, സ്ഥാനം, ജലഉപഭോഗം, പമ്പിന്റെ തരം, കുതിരശക്തി, പ്രതിദിന ഉപയോഗം, ജലഗുണനിലവാരം മുതലായവ ശേഖരിക്കുകയാണ് ലക്ഷ്യം.

കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ രൂപകല്പന ചെയ്ത ‘നീരറിവ്’ ആപ് ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകരായിരിക്കും വിവരശേഖരണം നടത്തുക. ആദ്യഘട്ടത്തിൽ ഓവർ എക്‌സ്‌പ്ലോയിഡ് ബ്ലോക്കുകൾ, ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ മേഖലകളിലാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാംഘട്ടത്തിൽ സുരക്ഷിത ബ്ലോക്കുകളിലും ഡാറ്റാ ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ പ്രദേശത്തേയും സംബന്ധിച്ച ജലബജറ്റ് തയാറാക്കുകയും ജലവിനിയോഗ നില നിശ്ചയിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Share this story