അറസ്റ്റുകൾക്കും വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

അറസ്റ്റുകൾക്കും വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിന് ശേഷം ആദ്യമായാണ് സമ്പൂർണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

ബിനീഷ് വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്ന് വ്യക്തമാക്കുമ്പോഴും ബിനീഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇഡിയുടെ നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും സിപിഎം തയ്യാറെടുക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ പരിപാടികൾക്കും ഇന്ന് രൂപമാകും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായത് വലിയ പ്രതിസന്ധിയെന്ന് തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വമടക്കം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ആലോചനകളും സജീവമാണ്

ശിവശങ്കറിന് പിന്നാലെ ഇഡി മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും യോഗത്തിൽ ചർച്ചയാകും. സ്വർണക്കടത്ത് കേസിൽ പാർട്ടിയെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് രവീന്ദ്രനെതിരായ നടപടി.

Share this story