അന്തസ്സുള്ള പാർട്ടിയാണെങ്കിൽ കോടിയേരിയെ പറഞ്ഞു വിടണം; സർവത്ര അഴിമതിയെന്ന് ചെന്നിത്തല

അന്തസ്സുള്ള പാർട്ടിയാണെങ്കിൽ കോടിയേരിയെ പറഞ്ഞു വിടണം; സർവത്ര അഴിമതിയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് സർവത്ര അഴിമതിയാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനവും രാഷ്ട്രീയവും ചർച്ചയാകും. സ്വർണക്കടത്തും അഴിമതിയും അന്വേഷിക്കണമെന്ന് പറയുമ്പോൾ വികസനം തടസ്സപ്പെടുത്തുന്നുവെന്ന മറുപടിയാണ് സർക്കാർ നൽകുന്നത്.

അഴിമതിയും കൊള്ളയും അന്വേഷിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് അറിഞ്ഞതോടെ കേന്ദ്ര ഏജൻസിയെ എതിർക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് ഇടപാട് നടത്തുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇതിനെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനും.

ബിനീഷ് കോടിയേരിയുടെ എല്ലാ ഇടപെടലുകൾക്കും സർക്കാരിന്റെയും പാർട്ടി സെക്രട്ടറിയുടെയും തണലുണ്ടായിരുന്നു. അന്തസ്സുള്ള പാർട്ടിയാണെങ്കിൽ സെക്രട്ടറിയെ പറഞ്ഞുവിടണം. വൻകിട പദ്ധതികളൊന്നും സർക്കാർ നടപ്പാക്കിയിട്ടില്ല. ഉദ്ഘാടന മഹാമഹങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

എംസി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്ന് ചെന്നിത്തല ഇന്നും ന്യായീകരിച്ചു. നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം. ബിസിനസ്സ് പൊളിഞ്ഞതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായിരിക്കും അവസരമെന്നും ചെന്നിത്തല വിശദീകരിച്ചു.

Share this story