വീണിടത്ത് കിടന്നു ഉരുളുന്ന നിലപാടാണ് ചെന്നിത്തലക്ക്; സിഎജി അസംബന്ധം എഴുന്നുള്ളിച്ചാൽ തുറന്നുകാട്ടും: തോമസ് ഐസക്

വീണിടത്ത് കിടന്നു ഉരുളുന്ന നിലപാടാണ് ചെന്നിത്തലക്ക്; സിഎജി അസംബന്ധം എഴുന്നുള്ളിച്ചാൽ തുറന്നുകാട്ടും: തോമസ് ഐസക്

കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണ് പ്രതിപക്ഷ നേതാവിനെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി അസംബന്ധം എഴുന്നുള്ളിച്ചാൽ തുറന്നുകാണിക്കും. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് രമേശ് ചെന്നിത്തലക്ക്.

ലാവ്‌ലിൻ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഒന്നാലോചിക്കണം. ഒരു സിഎജി കരട് റിപ്പോർട്ട് വെച്ചാണ് ലാവ്‌ലിൻ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിനുണ്ടായില്ലെന്നാണ് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് ചോർത്തിയാണ് 10 വർഷത്തോളം ആറാടിയത്.

പിന്നീട് സിഎജി ഇക്കാര്യം തിരുത്തി പൂർണ റിപ്പോർട്ട് നൽകിയപ്പോഴും ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പഴയ കരട് റിപ്പോർട്ടിലെ വിവരമാണ് ഉദ്ദരിച്ചത്. ഇന്നും 374 കോടിയുടെ കണക്ക് വെച്ചാണ് പ്രചാരണം. കിഫ്ബിയിലും ഇതാവർത്തിക്കാമെന്നാണ് കരുതിയത്. അത് പൊളിഞ്ഞതിന്റെ വെപ്രാളമാണ് കണ്ടത്.

സംസ്ഥാനത്തിന്റെ ധനകാര്യ നിലനിൽപ്പിന്റെ പ്രശ്‌നമാണിത്. അമ്പതിനായിരം കോടിയുടെ പദ്ധതികൾ ഭരണാനുമതി നൽകി. മുപ്പതിനായിരം കോടി രൂപ ടെൻഡർ വിളിച്ചു. ഒരിക്കൽ പോലും ഇത് ഭരണഘടനാനുസൃതമാണോയെന്ന് ചോദിക്കാതെയുള്ള റിപ്പോർട്ട് ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിക്കാനാകില്ല. രാഷ്ട്രീയ മുതലെടുപ്പാണ് കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പിന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Share this story