കിഫ്ബിയെ തകർക്കാനുള്ള ലക്ഷ്യം ആർ എസ് എസിന്റേത്; ചെന്നിത്തലക്ക് അധികാര ഭ്രാന്തെന്നും മന്ത്രി തോമസ് ഐസക്

കിഫ്ബിയെ തകർക്കാനുള്ള ലക്ഷ്യം ആർ എസ് എസിന്റേത്; ചെന്നിത്തലക്ക് അധികാര ഭ്രാന്തെന്നും മന്ത്രി തോമസ് ഐസക്

കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് ധനമന്ത്രി തോമസ് ഐസക്. തൃശ്ശൂർ രാമനിലയത്തിൽ വെച്ച് ആർ എസ് എസ് നേതാവ് രാംമാധവ് ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് പറഞ്ഞു.

ബിജെപിയുടെ വക്കാലത്ത് എടുത്ത മാത്യു കുഴൽനാടനെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു. കിഫ്ബിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയിലെ പിന്നണി രഹസ്യങ്ങൾ ഓരോന്നായി പുറത്തു വരികയാണ്. കേസ് കൊടുത്ത രഞ്ജിത്ത് കാർത്തികേയൻ ഇന്നലെ ടിവിയിൽ പ്രത്യക്ഷപ്പെട്ടു. മാത്യു കുഴൽനാടനും വിശദീകരണം നൽകി. രണ്ട് പേരും ശുദ്ധ പ്രൊഫഷണലുകൾ ആണെന്നും തോമസ് ഐസക് പരിഹസിച്ചു

ഡൽഹിയിലെ ഏത് നിയമസ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്തൽ കുഴൽനാടൻ തയ്യാറാകണം. റാം മാധവുമായുള്ള ചർച്ചക്ക് ശേഷമാണ് പരാതി തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ അധികാരത്തെ കുറിച്ചുള്ള തർക്കമാണിത്. കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം തിരിയുന്നതിന് കാരണവും ഇതാണ്.

കിഫ്ബി വഴിയുള്ള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി. സിഎജിക്കെതിരെ നിയമപരമായി നേരിടാൻ ഒരു ഭയവുമില്ല. രാഷ്ട്രീയമായും നേരിടും. കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാർ പരസ്യം നൽകും. അതിന് ആവശ്യത്തിൽ കൂടുതൽ പണം നൽകുന്നുണ്ട്. വേണ്ടെങ്കിൽ ചാനലുകൾ കൊടുക്കേണ്ട. ആരെങ്കിലും നിർബന്ധിച്ചോയെന്നും ഐസക് ചോദിച്ചു

Share this story