സിഎജി റിപ്പോർട്ട് അന്തിമമാണോ എന്നതല്ല പ്രശ്‌നം, വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ്: തോമസ് ഐസക്

സിഎജി റിപ്പോർട്ട് അന്തിമമാണോ എന്നതല്ല പ്രശ്‌നം, വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ്: തോമസ് ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല പ്രശ്‌നമെന്ന് ധനമന്ത്രി തോമസ് ഐസക്. അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നാണ്. സിഎജി നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താൻ ചോദിക്കുന്നത്.

ഇന്ന് കേരളത്തിലങ്ങോളം ഇങ്ങോളം നിർമാണം ആരംഭിച്ച രണ്ടായിരത്തോളം സ്‌കൂളുകൾ, അവിടെ വിന്യസിക്കുന്ന ഐടി ഉപകരണങ്ങൾ, താലൂക്ക് ആശുപത്രികളുടെ പുനർനിർമാണം, ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന റോഡുകൾ, കെ ഫോൺ പദ്ധതി, ട്രാൻസ്ഗിഡ്, വ്യവസായ പാർക്കുകൾ എങ്ങനെ ഏവർക്കും വേണ്ടി കേരളം മുഴുവൻ നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നത്.

ഈ വിഷയത്തിൽ യുഡിഎഫിന്റെ നിലപാടാണ് ചോദിക്കുന്നത്. അപ്പോൾ റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നാണ് ചർച്ച ചെയ്യുന്നത്. രണ്ടാമത്തെ ആരോപണം ഈ വായ്പ ബാധ്യത സർക്കാരിന് പ്രത്യക്ഷത്തിൽ വരുന്നതാണ്. അതായത് സർക്കാർ വായ്പ എടുക്കുന്നതിന് തുല്യമാണിത്. എന്നാൽ ബജറ്റിൽ ഞാൻ പ്രഖ്യാപിച്ച പദ്ധതികളാണ് കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നത്.

വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി പരിശോധിച്ച ശേഷമാണ് കിഫ്ബി ഓരോ പദ്ധതിയും അംഗീകരിക്കുന്നത്. വായ്പ എടുത്ത തുകയുടെ തിരിച്ചടവ് എത്രവരുമെന്ന് കിഫ്ബി കൃത്യമായി പരിശോധിക്കും. സംസ്ഥാന സർക്കാരല്ല, കിഫ്ബി ഈ കോർപറേറ്റ് ബോഡിയാണ് വായ്പ എടുക്കുന്നത്.

കാണുന്ന ചെറിയ കളിയല്ല ഇത്. കേരളത്തെ വെട്ടിലാക്കാനും തകർക്കാനുമുള്ള വമ്പൻ ഗൂഢാലോചനയാണിതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Share this story