കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തളളി

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തളളി

കരിപ്പൂര്‍: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തളളി. എറണാകുളം സ്വദേശി യഷ്‌വന്ത് ഷേണായി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ അധ്യക്ഷതയിലുളള ഡിവിഷന്‍ ബെഞ്ച് തളളിയത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷ നടപടികള്‍ ഒരുക്കുന്നത് വരെ വിമാനത്താവളം അടച്ചുപൂട്ടണമെന്നായിരുന്നു ആവശ്യം. കൂടാതെ, ചട്ടലംഘനങ്ങളെ സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ക്രിമിനല്‍ നടപടികളെ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന് ശേഷം ഹര്‍ജി ജസ്റ്റിസ് ഷാജി.പി.ചാലി തളളുകയായിരുന്നു.

ഹര്‍ജി അനവസരത്തിലാണെന്നും അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇടപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ മുന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുളള സമാന്തര അന്വേഷണം ആവശ്യമില്ല. നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍, വിമാനത്താവള അതോറിറ്റി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ), എയര്‍ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി), സംസ്ഥാന സര്‍ക്കാറിനായി കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, സി.ബി.ഐ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.

Share this story