ഇബ്രാഹിംകുഞ്ഞ് ക്രമവിരുദ്ധ ഇടപാടുകൾ നടത്തിയതായി വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്

ഇബ്രാഹിംകുഞ്ഞ് ക്രമവിരുദ്ധ ഇടപാടുകൾ നടത്തിയതായി വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ക്രമവിരുദ്ധ ഇടപെടലുകൾ നടത്തിയതായി വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്. നിർമാണ കരാർ ആർ ഡി എസ് കമ്പനിക്ക് നൽകാനായി മുൻമന്ത്രി കൂടിയായ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് ആരോപിക്കുന്നു

ചട്ടവിരുദ്ധമായി ടെൻഡറിലോ കരാറിലോ ഇല്ലാത്ത എട്ടേ കാൽ കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആർഡിഎസ് കമ്പനിക്ക് നൽകി. കമ്പനിക്ക് പലിശയിളവ് നൽകിയതിൽ സർക്കാരിന് നഷ്ടം 85 ലക്ഷം രൂപയാണ്. ഇടപാടിൽ മന്ത്രിക്ക് കിട്ടിയ കമ്മീഷൻ തുകയെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്

ചന്ദ്രികയിൽ നിക്ഷേപിച്ച നാലര കോടി രൂപ കമ്മീഷൻ തുകയാണോ എന്ന് സംശയമുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. അതേസമയം കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഇന്നലത്തെ പോലെ തുടരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ലേക്ക് ഷോർ ആശുപത്രിയിൽ ലീഗ് നേതാവ് കഴിയുന്ന മുറിക്ക് പുറത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share this story