കൊവിഡ് മരണങ്ങൾ കേരളം കുറച്ചുകാണിക്കുന്നെന്ന് ബി ബി സി; വ്യാഴാഴ്‌ച വരെ മരണമടഞ്ഞവരുടെ എണ്ണം 3356 ആണെന്നും റിപ്പോർട്ട്

കൊവിഡ് മരണങ്ങൾ കേരളം കുറച്ചുകാണിക്കുന്നെന്ന് ബി ബി സി; വ്യാഴാഴ്‌ച വരെ മരണമടഞ്ഞവരുടെ എണ്ണം 3356 ആണെന്നും റിപ്പോർട്ട്

തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുതാര്യമാണെന്ന് പറയപ്പെടുന്ന കേരളത്തിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബി.ബി.സി. ഡോക്‌ടർ അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ കണക്ക് അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ വിമർശനം.

വ്യാഴാഴ്‌ച വരെ 3356 പേരാണ് ഇവർ നടത്തിയ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. എന്നാൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത് 1969 മാത്രമാണ്. ഡോ.അരുണും സംഘവും നടത്തിയ പഠനരീതി ശരിയായതാണെന്ന് ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ കുറിച്ച് പഠിച്ച ടൊറോണ്ടോ സർവകലാശാലയിലെ ഗവേഷകൻ പ്രഭാത് ഛാ പറയുന്നു. കേരളത്തിൽ ധാരാളം കൊവിഡ് മരണങ്ങളെ വിട്ടുകളയുകയാണെന്ന് ഡോ.അരുൺ പറയുന്നു. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുതര്യമാണെന്ന് അഭിപ്രായപ്പെടുന്ന കേരളത്തിൽ ഇത്തരത്തിൽ കൊവിഡ് മരണങ്ങൾ വിട്ടുകളയുന്നു. ഇങ്ങനെ ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. മരണത്തിന് തൊട്ട് മുൻപ് മാത്രം നെഗ‌റ്റീവ് ആയവരെ പോലും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ ക്ളിനിക്കിൽ രോഗം ബാധിച്ചെത്തിയ മൂന്ന് പുരുഷന്മാർ ഇവർ 65നും 78നുമിടയിൽ പ്രായമുള‌ളവരാണ്. ഇവർ മരണമടഞ്ഞപ്പോഴും പട്ടികയിൽ ചേർത്തിട്ടില്ല. പല മരണങ്ങളും വിട്ടുപോയേക്കാം;എന്നാൽ സർക്കാരിനാണ് ഇത്തരത്തിൽ കൂടുതൽ എണ്ണം വിട്ടുപോകുന്നത്. ചില മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സർക്കാരിൽ റിപ്പോർട്ട് ചെയ്യാനായിട്ടില്ലെന്ന് മുൻ ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദനും പറയുന്നുണ്ട്. രോഗ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് എപ്പോഴും ആത്മ വിശ്വാസത്തോടെ കണ്ടിരുന്ന സംസ്ഥാനമാണ് കേരളം. 2018ൽ നിപ റിപ്പോർട്ട് ചെയ്‌തപ്പോഴും അത്തരത്തിൽ തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ മിക്കവാറും എല്ലാ രാജ്യങ്ങളും കൊവിഡ് മരണങ്ങൾ ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെന്ന് പറയുന്നു ഡോ.പ്രഭാത് ഛാ. 30 മുതൽ 50 ശതമാനം വരെ കണക്കുകളിൽ ഇത്തരത്തിൽ വ്യത്യാസം വരാമെന്നും അദ്ദേഹം പറയുന്നു.എന്നാൽ കേരളം ആസൂത്രിതമായി കൊവിഡ് മരണനിരക്ക് കുറച്ച് കാണിക്കുകയാണെന്ന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒബ്സർവ‌ർ ഗവേഷണ ഫൗണ്ടേഷനിലെ ഉമ്മൻ.സി.കുര്യൻ അഭിപ്രായപ്പെടുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഈ വിട്ടുകളഞ്ഞ മരണങ്ങൾ തിരികെ ചേർക്കാൻ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.കഴിഞ്ഞ ജനുവരിയിൽ വുഹാനിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയിൽ നിന്നാണ് കൊവിഡ് രോഗം സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച് മാസത്തോടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കുതിച്ചുയർന്നപ്പോഴും കേരളത്തിൽ എണ്ണം കുറവായിരുന്നു. മേയ് മാസത്തിൽ ഒരു കേസ് പോലുമില്ലാത്ത ദിവസങ്ങൾ കേരളത്തിലുണ്ടായി. ഇതോടെ സംസ്ഥാനം കൊവിഡിനെ പിടിച്ചുകെട്ടിയതായി വാർത്തകളിൽ ഇടം നേടി. എന്നാൽ ആ ആഘോഷങ്ങൾക്ക് അധികം ആയുസുണ്ടായില്ല. പിന്നീട് ജൂലായ് മാസത്തോടെ 800ലധികം പേർക്കാണ് പ്രതിദിനം രോഗബാധയുണ്ടായത്. ഇപ്പോൾ 5000ലധികമുണ്ട്. പ്രതിദിനം 60,000ത്തോളം ടെസ്‌റ്റുകളാണ് സംസ്ഥാനത്ത് നടത്താറ്. സംസ്ഥാനത്ത് ഏതാണ്ട് 30 ശതമാനം കുറവ് മരണമേ റിപ്പോർട്ട് ചെയ്യുന്നുള‌ളുവെന്ന് ചില ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായും ബി.ബി.സി റിപ്പോർട്ടിലുണ്ട്.എന്നാൽ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടവും പഠനം നടത്തിയവർ മുന്നോട്ട്‌വയ്ക്കുന്നതായി ബി.ബി.സി റിപ്പോർട്ടിലുണ്ട്. മരണനിരക്ക് കൂട്ടിച്ചേർത്താലും ഇതുവരെ രോഗത്തെ നിയന്ത്രിച്ച് നിർത്തുന്നതിൽ തികച്ചും അത്യസാധാരണമായ പാടവമാണ് സംസ്ഥാനത്തെ ആരോഗ്യ രംഗം പുലർത്തിവരുന്നത്.

Share this story