പോലീസ് നിയമഭേദഗതി: മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് ചെന്നിത്തല

പോലീസ് നിയമഭേദഗതി: മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് ചെന്നിത്തല

സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ-വാർത്താ മാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വിധത്തിലാണ് ഭേദഗതി

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളുടെ ലംഘനമാണിതെന്ന് ചെന്നിത്തല വിമർശിച്ചു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ ഇതുവഴി സർക്കാരിന് സാധിക്കും. സർക്കാരിന്റെ കൊള്ളക്കും അഴിമതിക്കുമെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ നിശബ്ദരാക്കുക എന്നതാണ് ലക്ഷ്യം

ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദുഷ്‌ചെയ്തികളെ ആരും വിമർശിക്കരുതെന്നും ചെയ്താൽ തടവിലാക്കുമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസെന്നും ചെന്നിത്തല ആരോപിച്ചു

Share this story