ചെറുപുഴയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ നടന്ന തെറിയഭിഷേകം; വിശദീകരണവുമായി പോലീസ്

ചെറുപുഴയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ നടന്ന തെറിയഭിഷേകം; വിശദീകരണവുമായി പോലീസ്

കണ്ണൂർ ചെറുപുഴയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ തെറിയഭിഷേകം നടത്തി പോലീസ്. ചെറുപുഴ-ചിറ്റാരിക്കാൽ പാലത്തിന് സമീപം പെട്ടി ഓട്ടോറിക്ഷയിൽ ഫ്രൂട്‌സ് കച്ചവടം നടത്തുകയായിരുന്നവർക്ക് നേരെയാണ് പോലീസ് തെറിയഭിഷേകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

സംഭവത്തിൽ പോലീസിന്റെ വിശദീകരണവും വന്നിട്ടുണ്ട്. പാലത്തിന് സമീപം വളവിൽ പെട്ടി ഓട്ടോ പാർക്ക് ചെയ്ത് കച്ചവടം നടത്തുന്നത് മറ്റ് വഴിയാത്രക്കാർക്ക് ഭീഷണിയാണ്. കൂടാതെ ഇവരുടെ കച്ചവടത്തെ തുടർന്ന് ചെറുപുഴ നഗരത്തിലെ കടകളിൽ കച്ചവടം കുറയുകയും ചെയ്തു. ഇതിൽ വ്യാപാരി വ്യവസായി സംഘടന പോലീസിൽ പരാതി നൽകി

പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇവരോട് ഒഴിഞ്ഞു പോകണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇവർ ഇവിടെ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറുപുഴ പോലീസ് സ്ഥലത്തെത്തി എത്രയും വേഗം പോകാൻ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ പോലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുകയും പ്രകോപിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് അസഭ്യ വർഷത്തിന് തുടക്കമായത്.

പോലീസ് തെറി പറയുന്നത് കച്ചവടക്കാർ തന്നെ മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഇവർ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പുതിയതായി എത്തിയ വണ്ടിക്കച്ചവടക്കാരനെ ഇവർ കൈകാര്യം ചെയ്യുകയുമുണ്ടായിരുന്നു. ഇവർ പോലീസിനെ മനപ്പൂർവം പ്രകോപിപ്പിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും ചെറുപുഴ സിഐ വിശദീകരിക്കുന്നു. അതേസമയം പ്രകോപനമുണ്ടായാലും പോലീസ് സഭ്യമായിട്ട് പെരുമാറേണ്ടതല്ലേ എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

 

 

Share this story